01:23am 19 November 2026
NEWS
ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ വ്യക്തിപരമായ പരാമർശം; അഭിഭാഷകനെ കോടതിമുറിയിൽനിന്ന് പുറത്താക്കി
17/11/2026  07:17 AM IST
ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ വ്യക്തിപരമായ പരാമർശം; അഭിഭാഷകനെ കോടതിമുറിയിൽനിന്ന് പുറത്താക്കി

 

 

നിയമകാര്യ ലേഖകൻ


ന്യൂഡൽഹി, നവംബർ 16: അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയ അഭിഭാഷകനെ സുപ്രീം കോടതി കോടതിമുറിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കി. ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചിനു മുന്നിലായിരുന്നു സംഭവം.
തനിക്കെതിരായ കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ടാണ് അഭിഭാഷകൻ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് ലൈവ് ലോയുടെ റിപ്പോർട്ട്. നവംബർ രണ്ടിന് ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ കേസിന്റെ രേഖകൾ സമർപ്പിച്ചിരുന്നുവെന്നും 15 ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അടിയന്തര പരിഗണന ആവശ്യപ്പെടുന്നതിനുള്ള പതിവ് നടപടിക്രമം പാലിക്കാതെ ഉച്ചയ്ക്ക് രണ്ടിന് വിഷയം ഉന്നയിച്ചതിന് അദ്ദേഹം ആദ്യം ക്ഷമ ചോദിക്കുകയും രേഖകൾ പരിശോധിക്കണമെന്ന് ബെഞ്ചിനോട് അഭ്യർഥിക്കുകയും ചെയ്തു.
ഇത്തരത്തിൽ വിഷയം ഉന്നയിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മോഹന ചൂണ്ടിക്കാട്ടി. രേഖകൾ പരിശോധിക്കാമെന്നും അതുവരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. എന്നാൽ കാത്തിരിക്കില്ലെന്ന് പറഞ്ഞ അഭിഭാഷകൻ, ചീഫ് ജസ്റ്റിസ് ആ പദവിക്ക് അർഹനല്ലെന്നും അതിനാവശ്യമായ സത്യനിഷ്ഠ അദ്ദേഹത്തിനില്ലെന്നും ആരോപിച്ചു.
പരാമർശങ്ങൾക്കു പിന്നാലെ കോടതി നടപടികളുടെ ശബ്ദവും ദൃശ്യവും സംപ്രേഷണം ചെയ്യുന്നത് നിർത്തി. തുടർന്ന് ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർ അഭിഭാഷകനെ കോടതിമുറിക്ക് പുറത്തേക്ക് കൊണ്ടുപോയതായി അവിടെയുണ്ടായിരുന്ന അഭിഭാഷകരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ഇതേ അഭിഭാഷകൻ തന്നെ അധിക്ഷേപിച്ചിരുന്നുവെന്നും അതുമായി ബന്ധപ്പെട്ടാണ് കോടതിയലക്ഷ്യ നടപടി ഉണ്ടായതെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കോടതിമുറിയിലെ പെരുമാറ്റത്തിൽ അഭിഭാഷകനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവിടെയുണ്ടായിരുന്ന മറ്റു ചില അഭിഭാഷകർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img